Tuesday 14 April, 2009

വിഷുപ്പുലരി

മേടപ്പുലരിയില്‍,കണ്ണനെ കണി കണ്ടുണരുന്ന പൊന്പുലരിയില്‍, പുതു വര്‍ഷത്തിന്റെ ആഹ്ലാദവും, പ്രത്യാശയും നിറയുന്ന ഈ മേടപ്പുലരിയില്‍ എല്ലാ ചെങ്ങാതിമാര്‍ക്കും.. ഇനി വരാനിരിക്കുന്ന ചങ്ങാതിമാര്‍ക്കും എന്റെ ഈ ചെറിയ ബ്ലൊഗ്‌ സമര്‍പ്പിക്കുന്നു.

ഒരു കലാകാരനോ, ചിന്തകനോ ഒന്നും അല്ല ഞാന്‍. ഒരു സഹൃദയന്‍ എന്നു പറയാന്‍ ആഗ്രഹിക്കുന്ന, നല്ലതിനെ ഉള്‍ക്കൊള്ളാന് കഴിയുന്ന ചെങ്ങാതി മനസ്സിന്റെ കണ്ണാടി ആണു എന്നു വിശ്വസിക്കുന്ന ഒരു പാവം നാട്ടിന്പുറത്തുകാരന്‍. ഇപ്പോള്‍ കുറേ നാളായി പട്ടണത്തിലെ യാന്ത്രിക ജീവിതത്തില്‍ എന്തൊക്കെയൊ നന്മകള്‍, പൈതൃകങ്ങള്‍ നഷ്ടപ്പെട്ടു പോയ ഒരു പ്രവാസി. വിഷുവും, ഓണവും, ക്രിസ്തുമസും, പെരുനാളുകളും ഇപ്പോളും മനസ്സില്‍ താളങ്ങള്‍ ഉയര്‍ത്തുന്നു എന്നതു മാത്രമാണു ആശ്വാസം.

കൊയ്തുകഴിഞ്ഞ പാടങ്ങളും, മേളപ്പെരുക്കങ്ങളുടെ ഉത്സവ പറമ്പുകളും, അവിടെ ഒക്കെ ഓടി നടന്ന ബാല്യകാലങ്ങളും ഇപ്പൊളും മനസ്സിന്റെ ആലയില്‍ ഊതി തെളിയിക്കുന്ന ഓര്മ്മകള്‍ ആയി മാറുന്നു. നാടിന്റെ പച്ചപ്പുകളില്‍ എന്നും ഒരു കേരളീയന്‍ ആയി മാറനുള്ള ആഗ്രഹം.. ഇതൊക്കെ ഒരു പ്രവാസിയുടെ മുഖ മുദ്ര ആയി മാറി, അവന്‍ മറ്റു സ്റ്റേറ്റില്‍ ആയാലും, വിദേശത്തായാലും.

ഈ ചെറിയ ബ്ലോഗില്‍ എല്ലാ ചെങ്ങാതിമാരും ഈ പുതിയ പുലരി മുതല്‍ എന്നേയും ഈ ചെങ്ങതി കൂട്ടത്തിലെ ഒരു ചെറിയ കണിക ആയി കാണുവാനും നിങ്ങളുടെ സന്തൊഷവും ദുഃഖവും പങ്കു വയ്ക്കുവാനും തയ്യറാകും എന്നു കരുതുന്നു.

ഇനിയും എന്തെങ്കിലും ഒക്കെ ചെറിയ വിശേഷങ്ങളും ആയി ഇങ്ങനെ ഒക്കെ കണ്ടു മുട്ടാം അല്ലെ? അതുവരെ എല്ലാവര്‍ക്കും വിഷു ആശംസകള്‍!!!!!